
തിരുവനന്തപുരം: പിഡിപിയെ ന്യായീകരിച്ചും ജമാ അത്തെ ഇസ്ലാമിയെ നിശിതമായി വിമർശിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിക്ക് പിഡിപി പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എംവി ഗോവിന്ദന്റെ പ്രതികരണം. ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജമാ അത്തെ ഇസ്ലാമി ലോക വർഗീയ ശക്തിയാണെന്നും പിഡിപി പീഡിത വിഭാഗമാണെന്നുമാണ് എം വി ഗോവിന്ദൻ പറഞ്ഞത്.
'പിഡിപിയും ജമാഅത്ത ഇസ്ലാമിയും ഒരു പോലെയല്ല. അതിൽ ഒരു സംശയവും വേണ്ട. ജമാഅത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള ഒരു വർഗീയ ശക്തിയാണ്. ആർഎസ്എസ് പോലെ ഇസ്ലാമിക രാഷ്ട്രംവേണമെന്ന് വാദിക്കുന്നവരാണ് അവർ. ആ നിലപാടല്ല പിഡിപിക്കുള്ളത്. കേരളത്തെ സംബന്ധിച്ച് പിഡിപി പീഡിപ്പിക്കപ്പെട്ട ഒരു വിഭാഗമാണ്'- എം വി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് എല്ലാ വർഗീയ ശക്തികളുമായി ചേർന്ന് മുന്നോട്ട് പോകുന്ന അവസ്ഥയാണ് ഉള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. യുഡിഎഫ് എല്ലാ വർഗീയ ശക്തികളുമായിമുന്നോട്ട് പോകുന്നു. അതിന് കേരളത്തിലുടനീളം അവർ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും എം വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകുന്നു.











